തിരുവനന്തപുരം: സുരക്ഷയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മടക്കി അയച്ചു. തനിക്ക് സുരക്ഷ വേണ്ടെന്ന് സുരേന്ദ്രൻ എഴുതി നൽകി. ഇന്റലിജൻസ് എഡിജിയാണ് സുരക്ഷയ്ക്ക് നിർദേശിച്ചത്. നിലവിലെ സാഹചര്യത്തിൽ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഇന്റലിജൻസ് എഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് നേരത്തെ നിർദേശം നൽകിയത്. എഡിജിപിയുടെ നിർദേശപ്രകാരം വടകരയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സുരേന്ദ്രന്റെ സുരക്ഷയ്ക്കായി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ, സുരേന്ദ്രൻ ഇവരെ മടക്കി അയക്കുകയായിരുന്നു.
Read Also: ശോഭ സുരേന്ദ്രന് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണം; കെ സുരേന്ദ്രന്
സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കണമെന്നും സുരക്ഷ നല്കിയ ശേഷം ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുകൊണ്ടുള്ള റിപ്പോർട്ട് ഈ മാസം 22നാണ് സമർപ്പിച്ചത്. താൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള സര്‍ക്കാരില്‍ നിന്ന് അത്തരത്തില്‍ ഒരു സുരക്ഷ ലഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പൊലീസ് തനിക്ക് സുരക്ഷ തരാന്‍ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആര്‍ക്കാണ് അറിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
“കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങള്‍ ഇതിന് മുന്‍പ് നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പൊലീസിന്റെ സുരക്ഷയില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാന്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഇത്തരം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഞാന്‍ അതൊക്കെ ഫേസ് ചെയ്യാന്‍ തയ്യാറായി തന്നെയാണ് പൊതുരംഗത്ത് നില്‍ക്കുന്നത്,” സുരേന്ദ്രന് പറഞ്ഞിരുന്നു.