കൊച്ചി: സന്നിധാനത്ത് തീർത്ഥാടകയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍ ജയിൽ മോചിതനായി. 22 ദിവസത്തെ ജയിൽ വാസത്തിനുശേഷമാണ് സുരേന്ദ്രൻ പുറത്തിറങ്ങിയത്. ഇന്നലെ ഹൈക്കോടതി ഉപാധികളോടെ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു.

ജയിലിൽനിന്ന് പുറത്തിറങ്ങിയ സുരേന്ദ്രന് വൻ വരവേൽപ്പാണ് പാർട്ടി പ്രവർത്തകർ നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള അടക്കമുളള നേതാക്കൾ സുരേന്ദ്രനെ സ്വീകരിക്കാനെത്തി. ജയിലിൽ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ.എൻ.രാധാകൃഷ്ണൻ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക.

ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ദിവസം ദർശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരായ കേസ്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രൻ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി.

രണ്ടു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണം. സമാന കുറ്റകൃത്യം അരുത്. പാസ്പോർട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്യണം എന്നീ ഉപാധികളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.