നെയ്യാറ്റിൻകര: പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങളാണ് നേരടേണ്ടി വരുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണം. വൈരാഗ്യ ബുദ്ധിയോടു കൂടിയാണ് പൊലീസ് പെരുമാറുന്നത്. ഒരു പൊതുപ്രവർത്തകന് നൽകേണ്ട ഒരു മാന്യതയും പൊലീസ് കസ്റ്റഡിയിൽ നൽകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര തഹസിൽദാരെ ഉപരോധിച്ച കേസിൽ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ ആരോപണം.

ആർ.സെൽവരാജ് രാജിവച്ചതിനെ തുടർന്നാണ് നെയ്യാറ്റിൻകരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപിയുടെ പ്രചാരണ വാഹനങ്ങൾ തഹസിൽദാർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ തഹസിൽദാരെ ഉപരോധിച്ചത്. ഈ കേസിലാണ് സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചത്. ഡിസംബർ 5 ന് വീണ്ടും ഹാജരാകണമെന്ന് നെയ്യാറ്റിൻകര കോടതി നിർദേശിച്ചിട്ടുണ്ട്. സുരേന്ദ്രനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി. കോടതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധം നടത്തി


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

അതേസമയം, ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യേപേക്ഷ പരിഗണിച്ചത്. ശബരിമല സന്നിധാനത്ത് 52 കാരിയായ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രന് എതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമല നട തുറന്നപ്പോഴാണ് സംഭവം. കൊച്ചുമകന്റെ ചോറൂണിനാണ് 52 കാരിയായ സ്ത്രീ സന്നിധാനത്ത് എത്തിയത്. ഇവരെ ഇവിടെയുണ്ടായിരുന്ന ഭക്തർ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മകനും മർദ്ദനമേറ്റു. ഈ കേസിൽ 13-ാം പ്രതിയാണ് സുരേന്ദ്രൻ. ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ഇതുവരെ ജയിലിൽനിന്നും പുറത്തിറങ്ങാനായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ