കൊച്ചി: ശബരിമലയിൽ ദർശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ സുരേന്ദ്രൻ പ്രവേശിക്കരുത് എന്നതാണ് പ്രധാന ഉപാധി. രണ്ടു ആൾ ജാമ്യവും രണ്ടു ലക്ഷം രൂപയും പാസ്പോർട്ടും കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചു.

കഴിഞ്ഞ 21 ദിവസമായി സുരേന്ദ്രൻ ജയിലിൽ കഴിയുകയാണ്. ചിത്തിര ആട്ടവിശേഷ ദിവസം 52 വയസ്സ് പ്രായമുളള സ്ത്രീയെ ശബരിമലയിൽ വച്ച് ആക്രമിച്ച കേസിലാണ് പതിമൂന്നാം പ്രതിയായി സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമല നട തുറന്നപ്പോഴാണ് സംഭവം. കൊച്ചുമകന്റെ ചോറൂണിനാണ് 52 കാരിയായ സ്ത്രീ സന്നിധാനത്ത് എത്തിയത്. ഇവരെ പ്രതിഷേധക്കാർ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മകനും മർദ്ദനമേറ്റിരുന്നു.

നേരത്തെ, മറ്റു പല കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ