തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറിൽ മുഖ്യമന്ത്രി പിണറായി വിജയനുമാത്രം വിശ്വാസമുണ്ടായാൽ പോരെന്നും ജനങ്ങൾക്കും വിശ്വാസം വരണമെന്നു ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം. ജേക്കബ് തോമസ് ചുമതലയിൽ വന്നതിനുശേഷമുള്ള അഴിമതിക്കേസുകളുടെ അന്വേഷണപുരോഗതി ജനങ്ങളെ അറിയിക്കണം. മഞ്ഞകാർഡും ചുവപ്പുകാർഡും പോയി. ഇപ്പോൾ ബ്ളാക്ക് കാർഡുകാരുടെ കയ്യിലെ കളിപ്പാവയായി ജേക്കബ് തോമസ് മാറിക്കഴിഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് പിണറായി ഇദ്ദേഹത്തെ ചേർത്തുനിർത്തുന്നതെന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിജിലൻസ് ഡയറക്ടറിൽ മുഖ്യമന്ത്രിക്കുമാത്രം വിശ്വാസമുണ്ടായാൽ പോരാ ജനങ്ങൾക്കും വിശ്വാസം വരണം. അതിന് അദ്ദേഹം ചുമതലയിൽ വന്നതിനുശേഷമുള്ള അഴിമതിക്കേസ്സുകളുടെ അന്വേഷണപുരോഗതി ജനങ്ങളെ അറിയിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെട്ട ടൈററാനിയം, കെ.ബാബു, കെ.എം.മാണി എന്നിവരുടെ ബാർ കോഴ, ഇ.പി.ജയരാജന്രെ ബന്ധുനിയമനം, മലബാർ സിമന്റ്സ്, കശുവണ്ടി കോർപ്പറേഷൻ, കൺസ്യൂമർഫെഡ്, പാറ്റൂർ ഭൂമി തുടങ്ങി എണ്ണമറ്റ കേസുകളിൽ ഒരു പുരോഗതിയുമില്ല. മഞ്ഞകാർഡും ചുവപ്പുകാർഡും പോയി ഇപ്പോൾ ബ്ളാക്ക് കാർഡുകാരുടെ കയ്യിലെ കളിപ്പാവയായി ഇദ്ദേഹം മാറിക്കഴിഞ്ഞു. (അമേരിക്കക്കാരിൽ അതിസമ്പന്നരുപയോഗിക്കുന്ന കാർഡ്). അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് പിണറായി ഇദ്ദേഹത്തെ ചേർത്തുനിർത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ