തിരുവനന്തപുരം: സർക്കാർ നയങ്ങളെയും, നടപടികളെയും ജീവനക്കാര്‍ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പരമശിവനേയും യേശുക്രിസ്തുവിനേയും മുഹമ്മദ് നബിയേയും വരെ ട്രോളുന്ന കാലത്ത് പിണറായിയെ ട്രോളാൻ പാടില്ലെന്ന് പൊലീസിനെക്കൊണ്ട് പറയിപ്പിച്ചാൽ നടപ്പുള്ള കാര്യമാണോയെന്ന് അദ്ദേഹം ചോദിച്ചു.

ഇവിടെ അടിയന്തിരാവസ്ഥയാണോ ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു. പിണറായിക്കു കിട്ടുന്ന ഈ സൗജന്യം പോലീസ് മററുള്ളവർക്കും കൊടുക്കുമോ? മുഖ്യമന്ത്രി ആദ്യം സി. പി. എമ്മിന്റെ സൈബർ ഗുണ്ടകളെ നിലക്കുനിർത്താൻ തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുക്കണം. നടപടി എടുത്തില്ലെങ്കിൽ ഗുരുതര വീഴ്ചയായി കണക്കാക്കുമെന്നു വ്യക്തമാക്കി ഭരണ പരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കി.

മുൻകൂർ അനുമതിയില്ലാതെ സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലോ അഭിപ്രായ പ്രകടനം നടത്തുന്നതോ, ചർച്ചകളിൽ പങ്കെടുക്കുന്നതോ തെറ്റാണെന്ന് ചൂണ്ടികാട്ടി നേരെത്തേ തന്നെ സർക്കുലർ ഇറക്കിയിരുന്നതാണ്.

എന്നാൽ, ജീവനക്കാർ വ്യാപകമായി ഈ തീരുമാനം ലംഘിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കർശന നിർദ്ദേശങ്ങളുമായി പുതിയ സർക്കുലർ ഇറക്കിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്തും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ