പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു. ഐപിസി 120(ബി) വകുപ്പ് പ്രകാരമാണ് കേസ്. ഇതോടെ സുരേന്ദ്രന്റെ ജയില്‍മോചനം ഇനിയും നീളും.

ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിത(52)യ്ക്കു നേരെ നടത്തിയ ആക്രമണത്തില്‍ സുരേന്ദ്രനം ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്ന് പറഞ്ഞാണ് കേസ്. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

സുരേന്ദ്രന് പുറമെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

അതേസമയം, സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രസര്‍ക്കാറിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി.

നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് ലഭിച്ച സുരേന്ദ്രന്‍ ഇപ്പോഴും കൊട്ടാരക്കര സബ് ജയിലിലാണ്.

കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. ഈ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബിജെപി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.