കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജനാധിപത്യ രാഷ്ട്രിയ പാര്‍ട്ടി (ജെ.ആര്.പി) നേതാവ് സി.കെ ജാനുവിനു പണം നല്‍കിയെന്ന ആരോപണം കൂടുതല്‍ ശക്തമാകുന്നു. സുരേന്ദ്രനും ജെ.ആര്.പി ട്രെഷറര്‍ പ്രസീത അഴിക്കോടും തമ്മിലുള്ളതെന്നു കരുതപ്പെടുന്ന പുതിയ ഫോണ്‍ സംഭാഷണം പുറത്തു വന്നു.
സി.കെ ജാനുവിനും ജെ.ആര്.പിക്കും പണം നല്‍കിയത് ആര്.എസ്.എസിന്റെ അറിവോടെയാണെന്നു പറയുന്ന ശബ്ദരേഖയാണ് വിവിധ ടെലവിഷൻ ചാനലുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. പണം ഏര്‍പ്പാടാക്കുന്നത് ആർ.എസ്.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ജാനുവിന്റെ പാര്‍ട്ടിക്കായി 25 ലക്ഷം രൂപ കൈമാറുന്നുണ്ടെന്നും സുരേന്ദ്രന്റേതിനു സാമ്യമുള്ള ശബ്ദത്തിന്റെ ഉടമ പ്രസീതയോട് പറയുന്നു.
ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ സ്ത്രീശബ്ദം തന്റേത് തന്നെയാണെന്ന് പ്രസീത പിന്നീട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ നേരിട്ടെത്തിയാണ് ജാനുവിന് പണം കൈമാറിയെന്ന് പ്രസീത പറഞ്ഞു. സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവര്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില ആരോപണങ്ങളും പ്രസീത ഉന്നയിച്ചു. പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുമ്പോള്‍ സുരേന്ദ്രന് ചില വാക്കുകള്‍ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്. പിന്നീടത് സുല്‍ത്താന്‍ ബത്തേരി മാത്രമായി ചുരുങ്ങി. സുല്‍ത്താന്‍ബത്തേരിയില്‍ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും സുരേന്ദ്രന് വാഗ്ദാനം ചെയ്തതായി പ്രസീത മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
നിലവില്‍ പത്ത് ലക്ഷം രൂപ ജാനുവിന് നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കേസിലെ പരാതിക്കാരനായ എം.എസ്.എഫ് നേതാവ് പി.കെ നവാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം പുറത്തുവന്നിരിക്കുന്നത്.
Also Read: സുരേന്ദ്രനെതിരായ കോഴക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്