/indian-express-malayalam/media/media_files/uploads/2021/06/k-surendran-ck-janu-bribery-case-crime-branch-518312-FI.jpg)
Photo: Facebook/ K Surendran
കൽപ്പറ്റ: നിയമസഭാ തിരഞ്ഞടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മൽസരിക്കാൻ സി.കെ.ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
സി.കെ.ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനും ജെആര്‍പി സംസ്ഥാന നേതാവുമായ പ്രസീത അഴീക്കോടും തമ്മലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സുരേന്ദ്രനും പാര്‍ട്ടി നേതൃത്വവും ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. സി.കെ.ജാനുവിന് സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയെന്നാണ് പ്രധാന ആരോപണം.
കല്‍പ്പറ്റ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് സുരേന്ദ്രനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എംഎസ്എഫ്) നേതാവ് പി.കെ.നവാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നവാസ് ആദ്യം സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് നവാസ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം മഞ്ചേശ്വരത്തെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) സ്ഥാനാര്‍ഥി കെ.സുന്ദരയ്ക്ക് നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും സുരേന്ദ്രന്‍ നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു. സുന്ദരയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ കേസ്: കൂടുതൽ പ്രതിസന്ധിയിലായി കെ സുരേന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.