പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരിയായ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ കേസിൽ ഇപ്പോൾ റിമാന്റിൽ കഴിയുകയാണ് സുരേന്ദ്രൻ. പത്തനംതിട്ട ജില്ല സെഷന്‍സ് കോടതിയില്ലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമല നട തുറന്നപ്പോഴാണ് സംഭവം. കൊച്ചുമകന്റെ ചോറൂണിനാണ് 52 കാരിയായ സ്ത്രീ സന്നിധാനത്ത് എത്തിയത്. ഇവരെ ഇവിടെയുണ്ടായിരുന്ന ഭക്തർ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മകനും മർദ്ദനമേറ്റു.

ഈ കേസിൽ ആക്രമണത്തിന് കാരണമായ ഗൂഢാലോചന കുറ്റമാണ് കെ സുരേന്ദ്രന് എതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 13ാം പ്രതിയാണ് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രൻ.

സന്നിധാനത്തേക്ക് വരുന്നതിനിടെ നിലയ്ക്കലിൽ വച്ച് നിരോധനാജ്ഞ ലംഘിച്ചെന്ന കേസിൽ സുരേന്ദ്രന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇതോടനുബന്ധിച്ചുളള ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കണ്ണൂരിൽ ഡിവൈഎസ്‌പി മാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച കേസിൽ കെ സുരേന്ദ്രന് കോടതി ഇന്ന് ജാമ്യം അനുവദിച്ചു.  കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്​.

കേസിൽ സുരേന്ദ്രനെതിരെ നേരത്തെ തന്നെ പ്രൊഡക്ഷൻ വാറണ്ടുണ്ടായിരുന്നു. ഇത്​ പ്രകാരമാണ്​ പൊലീസ്​ സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്​. അതേസമയം സുരേന്ദ്രനെ കളളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ഇന്ന് കോടതിക്ക് മുന്നിലും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

പക്ഷെ സ്ത്രീയെ ആക്രമിച്ച കേസില്‍  റാന്നി കോടതി ജാമ്യാപേക്ഷ  നിരസിച്ചതിനാൽ  സുരേന്ദ്രന് പുറത്തിറങ്ങാനാകില്ലായിരുന്നു.  കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാാമ്യം ലഭിച്ചതോടെ സുരേന്ദ്രനെ കണ്ണൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ടുവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.