കൊച്ചി: സുപ്രീം കോടതി വിധി ബിജെപി നേതാവ് കെ.സുരേന്ദ്രൻ മാനിച്ചില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതിഷേധ ദിനത്തിൽ എന്തിന് സുരേന്ദ്രൻ ശബരിമലയിൽ പോയി എന്നും ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ശബരിമലയിൽ ദർശനത്തിനെത്തിയ 52 വയസ്സുളള സ്ത്രീയെ ആക്രമിച്ചതിനെതിരായ കേസിലാണ് കെ.സുരേന്ദ്രൻ പ്രതി. ഈ കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

അതേസമയം, സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് കോടതി ചോദിച്ചു. മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ വിധി പറയാൻ നാളത്തേയ്ക്ക് മാറ്റിവച്ചു.

സുരേന്ദ്രന്റെ റിമാൻഡ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചിത്തിര ആട്ടവിശേഷ ദിവസം 52 വയസ്സ് പ്രായമുളള സ്ത്രീയെ ശബരിമലയിൽ വച്ച് ആക്രമിച്ച കേസിലാണ് പതിമൂന്നാം പ്രതിയായി സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

തനിക്കെതിരെ ചാർത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. തനിക്ക് ചായ വാങ്ങി തന്ന പൊലീസുകാരനെതിരെ നടപടിയെടുക്കുന്നവർ ടിപി വധക്കേസ് പ്രതികൾക്ക് സൗകര്യങ്ങൾ ചെയ്യുന്നവരാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കോടതിയൽ ഹാജരാകുന്നതിന് മുമ്പാണ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് ​ഈ ആരോപണം ഉന്നയിച്ചത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ