മഞ്ചേശ്വരം: ബിജെപിയും എൻഡിഎും ഉയർത്തുന്ന രാഷ്ട്രീയം അറുപത് കൊല്ലത്തിന് ശേഷം എൽഡിഎഫും യുഡിഎഫും ചർച്ച ചെയ്ത് തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സുരേന്ദ്രൻ ഉന്നയിച്ചത്. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ല. പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ മൗനം ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം കേരളത്തിൽ ഇപ്പോഴുള്ള സർക്കാർ ജനങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിന്റെ സർക്കാരാണെങ്കിലും അതിനുമുമ്പ് കോൺഗ്രസിന്റെ സർക്കാർ ആണെങ്കിലും നടക്കുന്നത് അഴിമതിയാണ്.തങ്ങളുടെ രാഷ്ട്രീയ സ്വാർഥതകൾക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവർ ശ്രമിച്ചിട്ടുളളതെന്ന് പറഞ്ഞ യോഗി ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്നും കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.