കണ്ണൂര്‍: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനും എതിര്‍ ശബ്ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണു പ്രസംഗത്തിലൂടെ ശ്രമിച്ചതെന്ന് സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു. വാക്കുപിഴ ഉദ്ദേശിക്കാത്ത തലങ്ങളിലാണു പരാമര്‍ശത്തെ എത്തിച്ചതെന്നും അതു കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്കിടയിലുണ്ടാക്കിയ വേദനയില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ ബോധത്തിന്റെ ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണു ജവഹര്‍ലാല്‍ നെഹ്റുവെന്നും വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ അദ്ദേഹം വലിയ മനസ് കാണിച്ചുവെന്നാണു കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസില്‍ സംസാരിക്കവെ പറഞ്ഞത്.
”അംബേദ്കറെ നിയമന്ത്രിയാക്കാന്‍ സാധിച്ച വലിയ ജനാധിപത്യബോധത്തിന്റെ ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണ് നെഹ്റു. ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്, വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാന്‍ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്.. നെഹ്റുവിന്റെ കാലത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ല, അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ കെ ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത്, പ്രതിപക്ഷ നേതാവാക്കി നിര്‍ത്തിയ ജനാധിപത്യ ബോധം… ഉദാത്തമായ, ഉയര്‍ന്ന മൂല്യാധിഷ്ഠിത ജനാധപത്യ ബോധം. വിമര്‍ശിക്കാന്‍ ആളുവേണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മറ്റൊരു നേതാവും ഇതു ചെയ്യില്ല. വിമര്‍ശനങ്ങള്‍ക്കു വലിയ സ്ഥാനമാണു നെഹ്‌റു നല്‍കിയത്,” എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.
പ്രസംഗത്തിനെതിരെ വലിയ വിമര്‍ശമാണു കോണ്‍ഗ്രസില്‍നിന്ന് ഉള്‍പ്പെടെ ഉയര്‍ന്നത്. വീണുകിട്ടിയ അവസരം വിനിയോഗിച്ച സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മുസ്ലിം ലീഗില്‍നിന്ന് എം കെ മുനീറും വിമര്‍ശമുന്നയിച്ചു. സുധാകരൻ നെഹ്റുവിന്റെ ചരിത്രം മനസിലാക്കണമെന്നും ആർ എസ് എസ് ചിന്തയുള്ളവർക്ക് പുറത്തുപോകാമെന്നാണു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പറഞ്ഞതെന്നും മുനീർ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണു സുധാകരന്‍ വിശദീകരണ പ്രസ്താവന പുറപ്പെടുവിച്ചത്.
”എതിര്‍ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നതു ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് നെഹ്റു അനുസ്മരണ പ്രഭാഷണത്തിലൂടെ താന്‍ ചെയ്തത്. നെഹ്റുവിനെ തമ്സകരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മപ്പെടുത്താനാണു പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചത്. എന്നാല്‍ അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും എന്നെയും സ്നേഹിക്കുന്നവര്‍ക്കിടയിലുണ്ടാക്കിയ വേദനയില്‍ അതിയായ ദുഃഖമുണ്ട്,” സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
”സംഘപരിവാര്‍,ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവര്‍ത്തകനാണു ഞാന്‍. സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവര്‍ത്തന ശൈലിയാണ് എന്റേത്. എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് എന്റെയും പാര്‍ട്ടിയുടെയും നിലപാട്. അതിനു എനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തിരഞ്ഞെടുപ്പുകളിലെ വിജയം. എന്നെ സ്നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആര്‍ക്കും എന്റെ നിലപാടുകളെ സംശയത്തോടെ നോക്കിക്കാണാന്‍ കഴിയില്ലെന്ന ഉത്തമബോധ്യമുണ്ട്. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ എന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നതാണ് എന്റെ രാഷ്ട്രീയം. കമ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയും പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും. എനിക്ക് ഒരു മുഖമേയുള്ളുവെന്ന് എന്നെ അറിയുന്നവര്‍ക്കറിയാം. കോണ്‍ഗ്രസില്‍ ജനിച്ച്,കോണ്‍ഗ്രസുകാരനായി വളര്‍ന്ന്, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ച്, കോണ്‍ഗ്രസുകാരനായി മരിക്കാനാണ് എനിക്ക് ഇഷ്ടം,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നെഹ്റുവിനെക്കുറിച്ചുള്ള ഈ പരാമർശം കെ സുധാകരനിൽനിന്ന് ഉണ്ടാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞയാഴ്ച മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ പരിപാടിയിലും അദ്ദേഹം സമാനമായ പരാമർശം നടത്തിയിരുന്നു.
നേരത്തെ, ആര്‍ എസ് എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കിയെന്ന കെ സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. സംഘടനാ കെ എസ് യു പ്രവര്‍ത്തകനായിരിക്കെ കിഴുന്ന, തോട്ടട പ്രദേശങ്ങളില്‍ ആര്‍ എസ് എസ് ശാഖ തകര്‍ക്കാന്‍ സി പി എം ശ്രമിച്ചപ്പോള്‍ ആളെ അയച്ച് താന്‍ സംരക്ഷണം നല്‍കിയെന്നാണു കഴിഞ്ഞയാഴ്ച സുധാകരന്‍ പറഞ്ഞത്. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍ എസ് എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല അതു ചെയ്തതെന്നും ജനാധിപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത്, മൗലികാവകാശം തകര്‍ക്കപ്പെടുന്നതു നോക്കി നില്‍ക്കുന്നതു ജനാധിപത്യ വിശ്വാസിക്കു ഗുണകരമല്ലെന്ന തോന്നലാണ് അതിനു പ്രേരിപ്പിച്ചതെന്നുമാണ് എം വി ആര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ സുധാകരന്‍ പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ മൗലികമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഏതു രാഷ്ട്രീയ പാര്‍ട്ടിക്കു നഷ്ടമായാലും കോണ്‍ഗ്രസ് ഇടപെടുമെന്ന വിശദീകരണം അദ്ദേഹം നടത്തിയിരുന്നു. ആവശ്യമെങ്കില്‍ സി പി എമ്മിനും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.