/indian-express-malayalam/media/media_files/uploads/2021/06/k-sudhakaran-on-gold-smuggling-case-523064-FI.jpg)
Photo: Screengrab (ഫയൽ ചിത്രം)
തിരുവനന്തപുരം: പത്തുകോടി രൂപ മുടക്കി വ്യാജാരോപണം ഉയര്‍ത്തി അതന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിച്ച ഗൂഢാലോചനയാണ് സിപിഐ നേതാവ് സി ദിവാകരന്‍ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയന്‍ രണ്ടു തവണ മുഖ്യമന്ത്രിയായതെന്നും സുധാകരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ സിപിഎം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്റെ പ്രധാന ആയുധം സോളാര്‍ വിവാദമായിരുന്നു. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കംമുതല്‍ സംശയാസ്പദമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തി പാതിരാവരെ വിചാരണ ചെയ്തപ്പോള്‍ പരാതിക്കാരിയോട് മൃദുല സമീപനം സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടിയേയും സഹപ്രവര്‍ത്തകരേയും ആണിതറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിന്നാമ്പുറത്തുനടന്ന കാര്യങ്ങളാണ് സി ദിവാകരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. തികച്ചും വസ്തുതാവിരുദ്ധമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ചവറ്റുകൊട്ടയില്‍ തള്ളിയെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്‍ 2016ല്‍ അധികാരമേറ്റ ഉടനെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് 3 തവണ അന്വേഷണം നടത്തിച്ച് വിഷയം സജീവമാക്കി നിര്‍ത്തി. എന്നാല്‍ ആരോപണവിധേയരായവരെ കുടുക്കാന്‍ പിണറായിയുടെ കേരള പോലീസിനു കഴിയാതെ വന്നപ്പോള്‍ 2021ല്‍ കേസ് സിബിഐക്കു വിട്ടുകൊണ്ടാണ് പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നയിച്ചത്. പിണറായി വിജയന്‍ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജയിച്ചതിന്റെ പിന്നിലെ കുടില തന്ത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സോളാര്‍ കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സോളര്‍ കേസ് അനേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ കോടികള്‍ കൈക്കൂലി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.