കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ഇപി ജയരാജനുമൊത്ത് പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യവുമായി സുധാകരന്റെ സത്യാഗ്രഹപന്തലില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായാണ്.’ പി ജയരാജന്‍ പറയുന്നു.
ഇതിന്റെ ഭാഗമായാണ് സുധാകരന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും കുറച്ച്കൂടി കാത്തിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സുധാകരനോട് പറഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
ബിജെപി നേതാക്കള്‍ സുധാകരന്റെ സമരപന്തലിലെത്തിയതിനെ ഇതുമായി ചേര്‍ത്തുവായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,
തന്റെ ശരീരത്തില്‍ വെടിയുണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന സുധാകരന്റെ വെല്ലുവിളിയ്ക്ക് ഇപി ജയരാജന്‍ മറുപടി നല്‍കി.
തന്നെ കൊല്ലാന്‍ ആയുധവും പണവും നല്‍കിയ ആളെ അയച്ച സുധാകരനു മറുപടി പറയേണ്ട ആവശ്യമില്ലെന്നായിരുന്നു ജയരാജന്റെ മറുപടി. ‘ട്രെയിനില്‍ വച്ചു തന്നെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ കോടതി ശിക്ഷിച്ചു. ഒരാള്‍ ഇപ്പോഴും ജയിലുണ്ട്. വധശ്രമത്തിന്റെ ഗൂഢാലോചനക്കേസില്‍ സുധാകരനും പ്രതിയാണ്.’ അദ്ദേഹം പറയുന്നു.