കണ്ണൂര്‍: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പ്രതിഷേധിക്കുന്ന കെഎസ്‌യുവിനോട് പൊലീസ് രാഷ്ട്രീയ വൈരാഗ്യം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. കാക്കി അഴിച്ച് വച്ചാല്‍ പൊലീസ് വെറും മനുഷ്യന്മാരാണെന്ന് മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ.സുധാകരൻ പറഞ്ഞു.

‘കെഎസ്‍യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെഎസ്‍യുവിന് സാധിക്കുമെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് പൊലീസ് കരുതരുത്. പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ പോലും പൊലീസ് അതിക്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ക്ലിഫ് ഹൗസിനു മുന്നേലിക്കെത്തിയ അഞ്ച് കെഎസ്‌യു വിദ്യാര്‍ഥിനികളെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കണമെന്നായിരുന്നു ആവശ്യം. വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പുറത്താക്കി.

Read More: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, പ്രതികളെ പുറത്താക്കി

പിഎസ്‌സി, കേരള സർവകലാശാല ക്രമക്കേടുകളിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും കെഎസ്‌യു നടത്തിയ മാർച്ചിനെ പൊലീസ് നേരിടുകയും ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരെ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിക്കുകയായിരുന്നു. ഒരു ബാരിക്കേഡ് നീക്കി പ്രവർത്തകർ മുന്നോട്ട് നീങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രദേശത്തു നിന്നും പിൻവാങ്ങിയ പ്രവർത്തകർ സമരപന്തലിൽ സംഘടിച്ച ശേഷം വീണ്ടും ഇങ്ങോട്ടെത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. തുടർന്ന് വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആലപ്പുഴയിൽ കലക്ട്രേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധ മാർച്ച് കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ കലക്ട്രേറ്റ് വളപ്പിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകരടക്കം കലക്ട്രേറ്റിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്നു. ഇവരെയാണ് പിന്നീട് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.