കോഴിക്കോട്: നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കെ. സുധാകരനെതിരെ ജിഷ്ണുപ്രണോയിയുടെ കുടുംബം. കെ സുധാകരൻ കൈക്കൂലി വാങ്ങി ജിഷ്ണു കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ അച്ഛൻ ആരോപിച്ചു. സുധാകരനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യകുറിപ്പ് തയ്യാറാക്കുന്നതിന് പിന്നിൽ സുധാകരന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

ഷഹീര്‍ ഷൗക്കത്തലിയോട് കേസ് പിന്‍വലിക്കാന്‍ പറയാന്‍ സുധാകരന്‍ കോടതിയാണോയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ചോദിച്ചു. സുധാകരന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണെന്നും മഹിജ ആവശ്യപ്പെട്ടു. വി എം സുധീരനെ പോലുളളവര്‍ ജിഷ്ണുവിന് പിന്തുണയുമായി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ഇത്തരത്തിലൊരു ഒത്തുത്തീര്‍പ്പ് ചര്‍ച്ചയുമായി വന്നതിനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇന്നലെയാണ് ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെഹ്റു ഗ്രൂപ്പ് കോളേജിന് എതിരായ കേസ് ഒത്തു തീർക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടത്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ സഹോദരനുമായി ചെർപ്പുളശ്ശേരിയിൽ വച്ച് കെ. സുധാകരൻ കൂടികാഴ്ച നടത്തി. കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് കെ. സുധാകരൻ നടത്തിയത് എന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഷക്കീർ ഷൗക്കത്തലിയുടെ ബന്ധുക്കളും ഈ രഹസ്യ കൂടികാഴ്ചയിൽ ഉണ്ടായിരുന്നു.

കേസ് പിൻവലിക്കാൻ വേണ്ടിത്തന്നെയാണ് താൻ ഇടപെട്ടത് എന്ന് കെ. സുധാകരൻ സ്ഥിരീകരിച്ചു. ഷക്കീർ ഷൗക്കത്തലിയുടെ കേസ് ഒത്തു തീർപ്പാക്കാനുള്ള ചർച്ചകളാണ് ഇവിടെ നടന്നത് എന്ന് സുധാകരൻ പറഞ്ഞു. ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

സംഭവമറിഞ്ഞ് എത്തിയെ ഡിവൈഎഫ്ഐ പ്രവർത്തകർ കെ.സുധാകരനെ തടഞ്ഞു വച്ചു. എന്നാൽ പൊലീസ് എത്തി പ്രവർത്തകരെ നീക്കിയാണ് സുധാകരൻ വീട്ടിൽ നിന്ന് പുറത്തിറക്കിയത്. പൊലീസ് അകമ്പടിയോടെയാണ് സുധാകരൻ ചർച്ച നടത്തിയ വീട്ടിൽ നിന്ന് പോയത്. നെഹ്രു ഗ്രൂപ്പിന് എതിരായ കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു എന്ന വാർത്ത കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ