തിരുവനന്തപുരം: ധീരജ് വധക്കേസിൽ അറസ്റ്റിലായ അഞ്ചുപേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ധീരജിനെ നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് ബോധ്യംവന്നിട്ടില്ല. പ്രതികൾക്ക് എല്ലാ നിയമസഹായവും നൽകുമെന്നും സുധാകരൻ പറഞ്ഞു.
ധീരജ് വീഴുന്നതുകണ്ടു പക്ഷേ കുത്തുന്നത് കണ്ടില്ലെന്നാണ് ധീരജിനൊപ്പമുള്ള എസ്എഫ്ഐക്കാര്‍ പറഞ്ഞിരുന്നത്. ധീരജ് ഇടികൊണ്ട് വീണുവെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ വരുന്നത്. കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെയെന്നാണ് പൊലീസ് പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.
ധീരജിന്റെ മരണത്തില്‍ ഞാൻ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. എന്റെ മനസ് കല്ലല്ല. ധീരജിന്റെ മരണത്തിനുപിന്നാലെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അവിടെ പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ താൻ പോയാല്‍ അതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുക ധീരജിന്റെ കുടുംബമാണെന്നും സുധാകരന് പറഞ്ഞു.
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണു കോളജിനു പുറത്തുണ്ടായ സംഘര്ഷത്തിനിയിൽ കുത്തേറ്റത്. ധീരജ് രാജേന്ദ്രന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. ഇടത് നെഞ്ചിന് താഴെയായി മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റത്. ഹൃദയത്തിലെ അറകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ധീരജിനെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്ഐആർ.
Read More: ധീരജ് വധക്കേസ്: നിഖിലുമായി തെളിവെടുപ്പ് നടത്തി; കുത്തിയ കത്തി കണ്ടെത്താനായില്ല