scorecardresearch

‘പിണറായിയെ സ്തുതിക്കാനുള്ള കോടികള്‍ ട്രാഫിക് ബോധവത്കരണത്തിന് ഉപയോഗിക്കണം’; എഐ ക്യാമറകള്‍ക്കെതിരെ സുധാകരന്‍

എഐ ക്യാമറകളില്‍ നിന്ന് വിഐപികളെ ഒഴിവാക്കുമെന്നത് ശരിയായ കാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു

K Sudhakaran
Photo: Facebook/ K Sudhakaran

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി എഐ ക്യാമറകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നുവെന്നും സുധാകരന്‍ ചൂണ്ടിക്കാണിച്ചു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹനയുടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നു സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരുമെന്നും സുധാകരന്‍ പരിഹസിച്ചു.

“വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിരക്ക് കേന്ദ്രത്തിന്റേതിനു തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നു,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“നഗരങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴയീടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍ യാത്രയില്‍ മറ്റൊരു ക്യമാറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറകണ്ണുകളില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയതായും കേള്‍ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകള്‍ ഇക്കൂട്ടരാണ്. അവരെ ഒരു കാരണവശാലും ഒഴിവാക്കരുത്,” സുധാകരന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K sudhakaran slams govts move to use ai cameras to find traffic violations