കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരൻ തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
Read More: ‘എൽഡിഎഫ് തുടരും, അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ’; മീഡിയാവൺ പൊളിറ്റിക്യു സർവെ ഫലം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാർഥി പട്ടികയിൽ തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.
കെപിസിസി വർക്കിങ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് പൂർണമനസോടെയല്ലെന്ന് പറഞ്ഞ സുധാകരൻ തനിക്ക് ആലങ്കാരിക പദവികൾ ആവശ്യമില്ലെന്നും സ്ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവയ്ക്കാത്തതെന്നും അഭിമുഖത്തിൽ പറഞ്ഞു.
ലതിക സുഭാഷിന്റെ പ്രതിഷേധം ന്യായമാണെന്നും അതുകൊണ്ടാണ് അവരുടെ പ്രതിഷേധത്തോട് എല്ലാവരും ഐക്യപ്പെട്ടതെന്നും കെ.സുധാകരൻ പറഞ്ഞു. ഈ തോന്നൽ എല്ലാ പ്രവർത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ശേഷിക്കുന്ന ഏഴ് സീറ്റുകളിലെ സ്ഥാനാർഥി നിർണ്ണയം ഗ്രൂപ്പ് നിർദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുവെന്നാണ് വിവരം. ഇനി പ്രഖ്യാപിക്കാനുള്ള ഏഴ് സീറ്റുകളിലേയ്ക്ക് അപ്രതീക്ഷിത സ്ഥാനാർഥികൾ എത്തുമെന്ന് സൂചനയുണ്ട്. സംസ്ഥാന നേതൃത്വം ചില പേരുകൾ നിർജേശിച്ചെങ്കിലും ഗ്രൂപ്പ് വീതം വയ്പാണ് നടന്നതെന്നാണ് ഹൈക്കമാൻഡിന്റെ നിരീക്ഷണം.