കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ‘പെണ്ണുങ്ങളെക്കാൾ മോശമാണ് പിണറായി’ എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് പ്രളയം നടന്നതിന് ശേഷമുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അട്ടിമറിച്ചെന്നായിരുന്നു സുധാകരന്റെ ആരോപണം.

‘പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്യണം. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യമെന്നും കെ സുധാകരൻ പറഞ്ഞു.

‘കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണ്. കണ്ണൂരിൽ കൈകാലുകൾക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എൽ പി സ്കൂൾ യു പി സ്കൂളാക്കി ഉയർത്തിത്തരണമെന്ന് ഉമ്മൻ ചാണ്ടിയോട് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ആ കുട്ടിയുടെ സ്കൂൾ യു പി സ്കൂളാക്കി ഉയർത്തി. അതേ കുട്ടി ഹൈസ്കൂളിലേക്ക് പാസാകുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലത്താണ്. .യു പി സ്കൂൾ ഹൈസ്കൂൾ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി എന്നല്ലാതെ പിണറായി ഒരു സഹായവും ചെയ്തില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.