കണ്ണൂർ: തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടന്ന സ്വർണക്കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരൻ. യുഡിഎഫിലെ ഏതെങ്കിലും നേതാക്കൾക്ക് കള്ളക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാലും ഇതേ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുകയെന്നും സുധാകരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അഭിമാനബോധം ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന നിൽക്കുന്ന നിരവധി ഫോട്ടോകൾ പുറത്തു വന്നു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരൻ പറഞ്ഞു. പത്തുകൊല്ലം മുൻപായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവയ്പിച്ചേനെ. സിപിഎം നേതൃത്വം കഴിവ് കെട്ടവരായെന്നും സുധാകരൻ പറഞ്ഞു.

Read More: സ്വർണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി നാളെ

സരിത കേസ് കൊണ്ട് നാടിന് സാമ്പത്തിക നഷ്ടം ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ നാടുവിടാൻ കേരള ഡിജിപി സഹായിച്ചുവെന്നും സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പഴയ എസ്എഫ്ഐക്കാരനാണ്. ഇദ്ദേഹം കെഎസ്ഇബി ചെയർമാനായ സമയത്താണ് എസ്എൻസി ലാവ്‌‌ലിൻ കരാറിലെ സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടത്. ഈ വിഷയത്തിൽ സിപിഎമ്മിന്റെ എത്ര മന്ത്രിമാർ പിണറായിയെ പിന്തുണക്കുന്നു? ഇടതു ഭരണത്തെ തിരുത്തിച്ച നേതാക്കൻമാരുടെ പ്രേതങ്ങളാണ് ഇന്നത്തെ സിപിഐ നേതാക്കൾ. വേണ്ടിവന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ മന്ത്രി കെ.കെ.ശൈലജ ശ്രമിക്കേണ്ടെന്നും എംപി പറഞ്ഞു.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സൗഹൃദമുണ്ടെന്നും, സ്പീക്കർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ രംഗത്തെത്തി.

സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുമായി ഇത്തരത്തില്‍ സൗഹൃദബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല, അതുകൊണ്ടുതന്നെ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ രാഷ്ട്രീയനീക്കം നടത്തണം എന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാടെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരണം എന്നതാണ് യുഡിഎഫിന്റെ തീരുമാനമെന്നും ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബെന്നി ബെഹന്നാന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.