scorecardresearch
Latest News

സുധാകരന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം; പാർട്ടി പരിശോധിക്കുമെന്ന് വി.ഡി.സതീശൻ

കെ.സുധാകരന്റെ പരാമർശങ്ങൾ യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കും

VD Satheeshan, KT Jaleel, Lokayuktha

മലപ്പുറം: ആർഎസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നടത്തിയ പ്രസ്താവനകൾ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധാകരന്റെ പ്രസ്താവനകൾ കോൺഗ്രസ് പരിശോധിക്കും. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും സതീശൻ പറഞ്ഞു.

പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവതരമായെടുത്ത് കോൺഗ്രസ് പരിശോധിക്കുമെന്നും സതീശൻ വ്യക്തമാക്കി.

അതിനിടെ, കെ.സുധാകരന്റെ പരാമർശങ്ങൾ യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കും. മുസ്‌ലിം ലീഗ്, യുഡിഎഫ് മുന്നണി മാറുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല. കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ ഇടപെടാൻ ലീഗ് താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശമാണ് വിവാദമായത്. ജനാധിപത്യ ബോധത്തിന്റെ ഉയര്‍ന്ന മൂല്യത്തിന്റെ പ്രതീകമാണു ജവഹര്‍ലാല്‍ നെഹ്റുവെന്നും വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ അദ്ദേഹം വലിയ മനസ് കാണിച്ചുവെന്നാണു കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസില്‍ സംസാരിക്കവെ പറഞ്ഞത്.

സുധാകരനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇടപെട്ട് നടപടിയെടുക്കണമെന്നാണ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം. സുധാകരനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പരക്കെ ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കം ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ, ആര്‍എസ്എസ് ശാഖകള്‍ക്കു സംരക്ഷണം നല്‍കിയെന്ന കെ.സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. സംഘടനാ കെഎസ്‌യു പ്രവര്‍ത്തകനായിരിക്കെ കിഴുന്ന, തോട്ടട പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ ആളെ അയച്ച് താന്‍ സംരക്ഷണം നല്‍കിയെന്നാണു കഴിഞ്ഞയാഴ്ച സുധാകരന്‍ പറഞ്ഞത്. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല അതു ചെയ്തതെന്നും ജനാധിപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത്, മൗലികാവകാശം തകര്‍ക്കപ്പെടുന്നതു നോക്കി നില്‍ക്കുന്നതു ജനാധിപത്യ വിശ്വാസിക്കു ഗുണകരമല്ലെന്ന തോന്നലാണ് അതിനു പ്രേരിപ്പിച്ചതെന്നുമാണ് എം.വി.ആര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ സുധാകരന്‍ പറഞ്ഞത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K sudhakaran s rss remarks vd satheesan response