കൊച്ചി: തൃക്കാക്കരയിൽ ഇടതു മുന്നണിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ച കെ.വി.തോമസിനെതിരെ കോൺഗ്രസ് നേതാക്കൾ. പുറത്താക്കാനുള്ള പ്രാധാന്യം പോലും കെ.വി.തോമസിന് നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടെന്ന് കരുതുന്നില്ല. കോണ്‍ഗ്രസില്‍ ഇന്ന് കെ.വി.തോമസ് ഇല്ല. അത് ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും സുധാകരൻ പറഞ്ഞു.
കോണ്ഗ്രസുകാരനായിരുന്നുകൊണ്ട് ഇടതിന് വേണ്ടി പ്രചാരണം നടത്തുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് കെ.വി.തോമസ് വ്യക്തമാക്കണം. എവിടെയെങ്കിലും അങ്ങനെ കേട്ടിട്ടുണ്ടോ ? അങ്ങനെ ആര്‍ക്കെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും സുധാകരന് ചോദിച്ചു.
അതേസമയം, കെ.വി.തോമസിനെതിരെ നടപടിയെടുക്കുമെന്ന് എഐസിസി. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ പ്രവർത്തിച്ചാൽ നടപടി എടുക്കാൻ കെപിസിസിക്ക് അധികാരം ഉണ്ട്. കെപിസിസി എടുക്കുന്ന നടപടി എഐസിസി അംഗീകരിക്കുമെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ.വി.തോമസ് ഇന്നാണ് അറിയിച്ചത്. ഞാൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്’. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുക. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ട്. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read More: തൃക്കാക്കരയിൽ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി.തോമസ്