കണ്ണൂര്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ. വി. തോമസിനെതിരെയായ നടപടി സംബന്ധിച്ച് ഹൈക്കമാന്റിന് കെപിസിസി കത്തയച്ചതായി കെ. സുധാകരന്‍. “അദ്ദേഹം എഐസിസി മെമ്പറാണ്, കെപിസിസിക്ക് നടപടിയെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ചെയ്ത തെറ്റിന് ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കെ. വി. തോമസിന്റെ പരാമര്‍ശത്തോടും സുധാകരന്‍ പ്രതികരിച്ചു. “രാഷ്ട്രീയത്തില്‍ തറവാടിത്തമില്ലാത്തതിന്റെ പ്രകടനമാണിതൊക്കെ. ഇത്രയും കാലം എന്തുകൊണ്ടാണ് അദ്ദേഹമിത് പറയാതിരുന്നത്. ഇപ്പോള്‍ പിണറായി വിജയന്റെ മഹത്വം മനസിലാകുന്നത് അദ്ദേഹം കച്ചവടം നടത്തി നില്‍ക്കുന്നതുകൊണ്ടാണ്. നേരത്തെ ഇതെല്ലാം ധാരണയായതാണ്. അതിന്റെ പുറത്താണ് ഇതൊക്കെ,” സുധാകരന്‍ വ്യക്തമാക്കി.
“കച്ചവടം നടത്തി നില്‍ക്കുമ്പോള്‍ ഇതുവരെ തോന്നാത്ത മഹത്വമൊക്കെ തോന്നിയെന്നു വരും. ഇതുവരെ തോന്നാത്ത മാഹാത്മ്യവും വിധേയത്വവും വരും. ഇതൊക്കെ നട്ടല്ലില്ലാത്തതും വ്യക്തിത്വമില്ലാത്തതുമായ രാഷ്ട്രീയക്കാരുടെ ലക്ഷണമാണ്. ഒന്നുമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന കെ. വി. തോമസ് എന്ന നേതാവ് ഇന്ന് സമ്പന്നനാണ്. ഇതൊക്കെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നല്ലതായിരുന്നു. ഇനി അങ്ങനെ ഉണ്ടാക്കാന്‍ അവസരം കിട്ടില്ലെന്ന് മനസിലായപ്പോള്‍ പിണറായി വിജയനായി കണ്‍കണ്ട ദൈവം,” സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് വന്നതുകൊണ്ടാണ് ഇങ്ങനൊരു വിലക്കുണ്ടായതെന്ന കോടിയേരിയുടെ ആരോപണത്തിനും മറുപടിയുണ്ട്. “ആരുവന്നാലും ഈ വിലക്കുണ്ടാകും, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നട്ടെല്ലുണ്ടെങ്കില്‍ ഈ നടപടിയൊക്കെ അനിവാര്യമാണ്. അല്ലാതെ കൂറ് അവിടെയും ശരീരം ഇവിടെയും എന്ന നിലപാടില്‍ കാര്യമില്ല. ഇത്തരം ആളുകള്‍ പാര്‍ട്ടിയുടെ ശത്രുവാണ്, പ്രഖ്യാപിത ശത്രു,” സുധാകരന്‍ തുറന്നടിച്ചു.
Also Read: പിണറായി മികച്ച മുഖ്യമന്ത്രി; വികസനത്തിനുവേണ്ടി ഒരുമിച്ചു നില്‍ക്കണം: കെ വി തോമസ്