ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെ. വി. തോമസ് പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന സൂചന നല്കി കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. “പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ചാല്‍ ആര്‍ക്കെതിരെയാണെങ്കിലും നടപടിയുണ്ടാകും. അത് എനിക്കും ബാധകമാണ്. പാര്‍ട്ടിക്ക് പുറത്ത് പോകണമെന്ന ആഗ്രഹമുണ്ടെങ്കിലെ അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുകയുള്ളു,” സുധാകരന് വ്യക്തമാക്കി.
“കെ. വി. തോമസിനോട് രാവിലെയും സംസാരിച്ചിരുന്നു. പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സസ്പെന്‍സ് നിലനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ തന്ത്രമായിരിക്കാം,” സുധാകരന് കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നാണ് കെ. വി. തോമസ് മനോരമ ന്യൂസിനോട് രാവിലെ പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി കെ. വി. തോമസ് പ്രവര്‍ത്തിക്കില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ കെ. വി. തോമസ് അനുമതി തേടിക്കൊണ്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കെ. വി. തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read: കെ. വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്: കെ. സുധാകരന്