തിരുവനന്തപുരം: കോൺഗ്രസിനകത്തെ ഐഎൻടിയുസി വിവാദത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽപറഞ്ഞു. പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എളമരം കരീമിനെ ഐഎന്‍ടിയുസി പ്രിസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പിന്തുണച്ചതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പരാമർശത്തെത്തുടർന്നാണ് കോൺഗ്രസ്സിൽ വിവാദമുയർന്നത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനമാത്രമാണെന്നുമായിരുന്നു വിഡി സതീശന്റെ പ്രസ്താവന.
ഇതിനെത്തുടർന്ന് വിഡി സതീശനെതിരേ പാർട്ടിക്കകത്ത് നിന്ന് പരസ്യ പ്രതികരണങ്ങളുണ്ടായി. തെരുവില്‍ പലയിടങ്ങളിലും പരസ്യ പ്രകടനം വരെ നടന്നു.
Also Read: മാത്യു കുഴല്‍നാടന് മുന്നെ വായ്പ അടച്ച് സിഐടിയു; അപമാനിച്ചവരുടെ പണം വേണ്ടെന്ന് അജേഷ്
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചന്ദ്രശേഖരനുമായും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും സുധാകരൻ ഇന്ന് ചർച്ച നടത്തി. ഈ ചർച്ചയ്ക്ക് ശേഷമാണ് വിവാദം സംബന്ധിച്ച് സുധാകരൻ പ്രതികരണം അറിയിച്ചത്.
കോണ്‍ഗ്രസില്‍ ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് സംഘടനയുടെ സ്ഥാനമെന്ന് സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ, സേവാദൾ എന്നിവ മാത്രമാണ് ഭരണ ഘടനാപരമായി പോഷക സംഘടനകൾ എന്നും മഹിളാ കോൺഗ്രസ് പോലും ആ പട്ടികയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.