Latest News

ധീരജ് വധം: കോൺഗ്രസ് സമിതി അന്വേഷിക്കും; കലാപത്തിന്റെ കത്തി താഴെവയ്ക്കേണ്ടത് സിപിഎമ്മെന്ന് കെ.സുധാകരൻ

കേരളത്തിലെ കലാലയങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെ.എസ്‌.യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് എസ്എഫ്ഐക്കാർ പോലും മരിച്ചുവീണിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു

K Sudhakaran
Photo: Screengrab

കണ്ണൂർ: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ പാർട്ടി സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതികരിക്കും. അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കലാലയങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെഎസ്‌‌യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് എസ്എഫ്ഐക്കാർ പോലും മരിച്ചുവീണിട്ടില്ല. ആ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആര്‍ക്കാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരൻ ചോദിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ കോളജ് ഹോസ്റ്റലുകളും എസ്എഫ്ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. ഇടുക്കി കോളേജിലെ ഹോസ്റ്റലും എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്. കേരളത്തിലെ മൊത്തം അക്രമത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒന്ന് താരത്യം ചെയ്താല്‍ രണ്ടു കൂട്ടരും എവിടെയാണെന്ന് അറിയാം. കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കി എസ്എഫ്ഐ മാറ്റിയത് പിണറായിയുടെയും കോടിയേരിയുടെയും നയത്തിന്റെ ഫലമായിട്ടാണോ?

Also Read: ധീരജിന്റെ കൊലപാതകം അപലപനീയം; കൊലപാതകരാഷ്ടീയം കെ.എസ്.യു ശൈലിയല്ല: രമേശ് ചെന്നിത്തല

കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കേരളത്തിലെ അക്രമങ്ങളിൽ മറ്റൊരു പാര്‍ട്ടിയേയും കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ല. കലാപത്തിന്റെ കത്തി ആദ്യം താഴെ വയ്‌ക്കേണ്ടത് സിപിഎമ്മാണ്.

ഒരു കൊലപാതകങ്ങളെയും പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയില്‍ നടന്ന കൊലപാതകത്തെയും കോണ്‍ഗ്രസ് ശക്തിയുക്തം അപലപിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു നയത്തോടും യോജിക്കാത്ത അരുംകൊല രാഷ്ട്രീയം ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് തന്റെ തലയില്‍വയ്ക്കാന്‍ നോക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, കൊലപാതകത്തിൽ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖിൽ പൈലി പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നിഖിലിനെ കൂടാതെ ജെറിൻ ജോജിയും മറ്റു നാലു പേരുമാണ് കസ്റ്റഡിയിലുള്ളത്. ഈ നാല് പേരും കെഎസ്‌യു പ്രവർത്തകരാണെന്നാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K sudhakaran on idukki dheeraj murder

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express