കണ്ണൂർ: കോൺഗ്രസില്ലാതെ മതേതരസഖ്യം സാധ്യമാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസിന്റെ ദേശീയ നയങ്ങളും മുന്നണി സമവാക്യങ്ങളും നിർദേശിക്കാൻ സിപിഎം വളർന്നിട്ടില്ലെന്നും കോൺഗ്രസിന് മുന്നിൽ സിപിഎം നിബന്ധന വയ്ക്കുന്നത് സാമാന്യ മര്യാദയ്ക്ക് നിരയ്ക്കാത്തത് ആണെന്നും എസ്.രാമചന്ദ്രൻ പിള്ളയുടെ വാദം ഉറുമ്പ് ആനയ്ക്ക് കല്ല്യാണം ആലോചിച്ചപോലെയാണെന്നും സുധാകരൻ പരിഹസിച്ചു.
കോൺഗ്രസിനെ മുന്നിൽ നിർത്തി മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം പറയുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നിലപാടിന് അനുസൃതമായി മാത്രമല്ല ദേശീയ തലത്തിൽ പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നത്. കോൺഗ്രസിന്റെ പ്രാധാന്യം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സ്റ്റാലിന്റെ ഡിഎംകെ, ശരദ് പവാറിന്റെ എന്‍സിപി ;പോലുള്ള ആളുള്ള പാർട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
ബിജെപിക്ക് എതിരായ സഖ്യത്തിൽ ചേരാതിരിക്കാനാണ് കോടിയേരിയും എസ്ആർപിയും മറ്റുള്ളവരും നിബന്ധനകൾ മുന്നോട്ട് വെക്കുന്നത്. സിപിഎമ്മിന് ഇപ്പോൾ പച്ചത്തുരുത്ത് ഉള്ളത് കേരളത്തിൽ മാത്രമാണ്. ആന്ധ്രയിലും പഞ്ചാബിലും ബിഹാറിലുമെല്ലാം അവർ ഇല്ലാതായി. ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടമായി മത്സരിക്കാൻ ആളില്ലാത്തയായി. ദേശീയതലത്തിൽ ഇപ്പോഴും 24 ശതമാനം വോട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. ഇവിടെ കോൺഗ്രസിന് മുന്നിൽ ഉപാധി വയ്ക്കുന്ന എസ്ആർപിയുടെ പാർട്ടിക്ക് ഒന്നര ശതമാനം മാത്രമാണ് വോട്ട്, സുധാകരൻ പറഞ്ഞു.
രണ്ടുമൂന്ന് സംസ്ഥാനങ്ങളിൽ ഭരണമുള്ള കോൺഗ്രസിനോടാണ് പിണറായി വിജയന്റെ കേരളത്തിലേക്ക് മാത്രമായി ഒതുങ്ങിയ സിപിഎം ഉപാധി പറയുന്നത്. അതിനെ പരമ പുച്ഛത്തോടെ എഴുതിത്തള്ളാൻ മാത്രമേ കോൺഗ്രസിനു സാധിക്കൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരായ പോരാട്ടത്തിൽ ആശയങ്ങളുമായി ചേർന്നു വരുന്ന ആരെയും കൂടെകൂട്ടുമെന്നായിരുന്നു സിപിഎം പിബി അംഗമായ എസ്.രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവന. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: ചുവന്ന് കണ്ണൂര്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് പതാക ഉയരും