/indian-express-malayalam/media/media_files/uploads/2021/06/k-sudhakaran-23.jpg)
കണ്ണൂര്‍: സംഘര്‍ഷവും വെല്ലുവിളിയും നിറഞ്ഞ കണ്ണൂര്‍ രാഷ്ട്രീയത്തിലെ അചഞ്ചലമായ പ്രതിരോധം, യുവ പ്രവര്‍ത്തകരുടെ ആവേശം... കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിപ്പെട്ട കെ സുധാകരനെ തീപ്പൊരി കോണ്‍ഗ്രസ് നേതാവിനു വിശേഷണങ്ങള്‍ പലതാണ്. കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍ മുങ്ങുമ്പോഴാണ്, കൈയത്തും ദൂരത്ത് പല തവണ അകന്നുപോയ പദവിയിലേക്ക് കെ സുധാരകരന്‍ എത്തുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം. പ്രതിപക്ഷ നേതാവിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തും പുതിയ നേതാവ് എത്തിയത് കേരളത്തിലെ കോണ്‍ഗ്രസിന് എത്രമാത്രം ഗുണം ചെയ്യുമെന്നാണ് ഇനി അറിയാനുള്ളത്.
രാഷ്ട്രീയത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഏറ്റെടുത്തയാളാണ് കെഎസ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന കെ. സുധാകരന്‍. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ് വേദികളില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന സുധാകരനു പകരം വയ്ക്കാന്‍ മറ്റൊരു നേതാവ് കോണ്‍ഗ്രസിലില്ല. മൂന്നിലേറെ തവണ അദ്ദേഹം എതിരാളികളുടെ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടങ്ങളില്‍ കണ്ണൂരില്‍ മാത്രം ഇരുപതിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഷ്ട്രീയസംഘര്‍ത്തിന് ഇരയായത്. നിലവിൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭാംഗമാണ് കെ സുധാകരൻ.
കണ്ണൂരിലെ കോണ്‍ഗ്രസിനെ സിപിഎമ്മിനു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നതില്‍ തുടക്കമിട്ടത് കെ.സുധാകരന്‍ ഡിസിസി പ്രസിഡന്റായിരുന്ന വേളയിലാണ്. കോണ്‍ഗ്രസില്‍ അവസാനമായി സംഘടന തിരഞ്ഞെടുപ്പ് നടന്ന 1991 ല്‍ മല്‍സരിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായ സുധാകരന്‍ 2001 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1991-2001 കാലഘട്ടത്തില്‍ യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ഡിസിസി പ്രസിഡന്റായിരിക്കെ കണ്ണൂർ രാഷ്ട്രീയത്തിൽ നേടാൻ കഴിഞ്ഞ മുന്നേറ്റം, ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച കേരളത്തിൽ നേടിക്കൊടുക്കാൻ സുധാകരന് കഴിയുമോയെന്ന് വരും നാളുകളിൽ മനസിലാക്കാം.
തുടക്കം കെഎസ്‌യുവിലൂടെ
കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യു (ഒ) വിഭാഗത്തിന്റെ തലശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു. 1971-1972-ല്‍ കെ.എസ്.യു(ഒ) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാും 1973-1975-ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.(ഒ)) സംസ്ഥാന പ്രസിഡന്റ്ായും 1976-1977-ല്‍ യൂത്ത് കോണ്‍ഗ്രസ് (ഒ) വിഭാഗം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
Read More: ഇനി സുധാകരൻ നയിക്കും; കെപിസിസിയിൽ നേതൃമാറ്റം
1969-ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ സംഘടന കോണ്‍ഗ്രസിനൊപ്പമായിരുന്നു സുധാകരന്‍. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1981-1984 കാലഘട്ടത്തില്‍ ജനതാ പാര്‍ട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകരന്‍ 1984ലാണു കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
1984 മുതല്‍ 1991 വരെ കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു സുധാകരന്‍. 2018-2021 കാലഘട്ടത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയവും കെ സുധാകരനും
1980 ല്‍ എടക്കാട് മണ്ഡലത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ സുധാകരന്റെ കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നിര്‍ദേശിച്ച കെ.കരുണാകരനോട്, ജയിക്കുന്നതു വരെ മല്‍സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.സുധാകരന്‍ ആവശ്യപ്പെട്ടത്. 1982 ല്‍ വീണ്ടും എടക്കാട്ടും 1987-ല്‍ തലശേിയിലും മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ്് ജയിക്കുന്ന മണ്ഡലത്തില്‍ കെ.സുധാകരന്റെ വരവോടെ അവരുടെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.
1991-ല്‍ എടക്കാട്ട് വീണ്ടും ജനവിധി തേടിയ കെ.സുധാകരന്‍, സിപിഎമ്മിലെ ഒ. ഭരതനോട് 2 19 വോട്ടിനാണു പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പില്‍ സിപിഎം അയ്യായിരത്തിലേറെ കള്ളവോട്ട് ആരോപിച്ച് നിയമ പോരാട്ടം ആരംഭിച്ചു. മൂവായിരം കള്ള വോട്ട് രേഖപ്പെടുത്തിയതായി കെ.സുധാകരന്‍ കോടതിയില്‍ തെളിയച്ചതോടെ ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. നിയമപോരാട്ടം തുടര്‍ന്ന സുധാകരനെ 1992-ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഒ.ഭരതന്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ അദ്ദേഹത്തെ സുപ്രീം കോടതി 1996-ല്‍ സുപ്രീം കോടതി വിജയിയായി പ്രഖ്യാപിച്ചു.
1996ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് നിന്ന് നിയമസഭയിലെത്തിയ സുധാകരന്‍ 2001, 2006 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി. 2001-2004 കാലഘട്ടത്തിലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരന്‍ വനം, കായിക വകുപ്പിന്റെ മന്ത്രിയായി പ്രവര്‍ത്തിച്ചു.
2009-ലെ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന് സിപിഎമ്മിലെ കെ.കെ. രാഗേഷിനെ തോല്‍പ്പിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. 2014-കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടിയെങ്കിലും സിപിഎമ്മിലെ പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടു. 2016 ഉദുമ നിയമസഭാ മണ്ഡലത്തിലും പരാജയം രുചിച്ചു. 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വീണ്ടും ജനവിധി തേടിയ സുധാകരന്‍ സിറ്റിങ് എംപി പി.കെ. ശ്രീമതിയെ 94,559 പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു.
ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, നിയമത്തിൽ ബിരുദം
കണ്ണൂര്‍ എടക്കാട് കീഴുന്ന ദേശത്ത് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണി മേസ്ത്രിയുടെയും കുംബ കുടി മാധവിയുടെയും മകനായി 1948 ജൂണ്‍ ഏഴിനായിരുന്നു കെ സുധാകരന്റെ ജനനം. തലശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം അദ്ദേഹം നിയമബിരുദവും നേടി. ഭാര്യ: സ്മിത (റിട്ട. അധ്യാപിക, കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്), മരുമകള്‍: ശ്രീലക്ഷ്മി.
ഇതിനിടെ, കെ സുധാകരന്‍ ബിജെപിയിലേക്കു പോകുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. തന്റെ അടുത്ത് പല ദൂതന്മാരും വന്നുവെന്നതും സംസാരിച്ചിരുന്നുവെന്നതും സത്യമാണെന്നായിരുന്നു ഇത്തരം വാര്‍ത്തകളോട് ഒരിക്കല്‍ സുധാകരന്‍ പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us