Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

കെപിസിസിയെ ഇനി സുധാകരൻ നയിക്കും; കൊടിക്കുന്നിൽ, പിടി തോമസ്, ടി സിദ്ദിഖ് വർക്കിങ് പ്രസിഡന്റുമാർ

രാഹുൽ ഗാന്ധി നേരിട്ട് കെ.സുധാകരനെ വിളിച്ച് അറിയിക്കുകയായിരുന്നു

K Sudhakaran, KPCC, KPCC President, Congress, കെപിസിസി, കെപിസിസി പ്രസിഡന്റ്, കെ സുധാകരൻ, കോൺഗ്രസ്, K Sudhakaran KPCC President, K Sudhakaran, കെ സുധാകരൻ കെപിസിസി പ്രസിഡന്റ്, kerala news, malayalam news, news in malyalam, latest news in malayalam, politics, ie malayalam

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. ഇക്കാര്യം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ച് അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി സിദ്ദിഖ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഹൈക്കമാൻഡ് നിശ്ചയിച്ചു.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണു കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കനത്ത തോല്‍വിയുടെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെയെന്ന പോലെ കെപിസിസി അധ്യക്ഷനെയും മാറ്റണമെന്നും ശക്തനായ നേതാവിനെ പരിഗണിക്കണമെന്നുള്ള വികാരം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സുധാകരൻ പ്രസിഡന്റ് പദത്തിലെത്തുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ഇപ്പോള്‍ കെ സുധാകരനെ കെപിസിസി നേതൃ സ്ഥാനത്തേക്ക് നിയമിക്കുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറികടന്നാണ് സുധാകരനെ കേന്ദ്ര നേതൃത്വം നിയോഗിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് സജീവമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഭൂരിഭാഗം നേതാക്കളും കെ.സുധാകരനെയാണ് അനുകൂലിച്ചത്.

കെപിസിസി അധ്യക്ഷസ്ഥാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നതായും പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായും ആത്മവിശ്വാസത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരും. അര്‍ഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കും. എല്ലാ നേതാക്കളെയും നേരിട്ട് കണ്ട് സഹകരണം അഭ്യര്‍ഥിക്കും. ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുവരുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവര്‍ത്തകരോട് നിസീമമായ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നതായും അത് ആരുടെയും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പദം ഒഴിയാന്‍ സന്നദ്ധനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ബദൽ സംവിധാനത്തിനായി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ കെയർ ടേക്കർ അധ്യക്ഷൻ എന്ന നിലയിൽ തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Read Also: കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് കെപിസിസിയുടെ അമരത്തേക്ക്

കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്ന കെ സുധാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കടുത്ത വിമര്‍ശമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ത്തിയത്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വീതംവയ്പാണമെന്ന ആരോപണമുയര്‍ത്തിയ സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോള്‍ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേല്‍ക്കാന്‍ കാരണക്കാരനാകരുത് എന്നു കരുതിയാണ് എന്നും ആ ഘട്ടത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതൃത്വത്തിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ലെന്നു മാത്രമല്ല, നേതൃമാറ്റം ധൃതിപിടിച്ച് വേണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ”ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞുവീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കാലം കരുതിവച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും…”എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

2018മുതൽ കെപിസിസി വർക്കിങ് പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു കെ സുധാകരൻ. 1991 മുതൽ 2001 വരെ കണ്ണൂർ ഡിസിസി പ്രസിഡൻ്റായി പ്രവർത്തിക്കവേ ജില്ലയിൽ കോൺഗ്രസ്സിന് മുന്നേറ്റമുണ്ടാക്കാൻ സുധാകരന് കഴിഞ്ഞിരുന്നു. കണ്ണൂരിലെ കോൺഗ്രസിനെ രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കമിട്ടത് കെ സുധാകരൻ ഡിസിസി പ്രസിഡൻറ് ആയിരുന്ന വേളയിലാണ്.

കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ചതിനെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ. സുധാകരന്റെ നേതൃത്വത്തിനു കഴിയുമെന്നും എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും സുധാകരനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K sudhakaran kpcc president

Next Story
വാക്സിൻ നയത്തിൽ മാറ്റമുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com