തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ സര്‍വകലാശാല വിവാദങ്ങളില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ് ചന്സലര്മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച സര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം കേരളം ഒട്ടാകെ ലോകത്തിനു മുന്പില് തലകുനിക്കേണ്ടി വന്നെന്ന് സുധാകരന് പറഞ്ഞു.
“വെളിയില്‍ നിന്ന് ആരോ സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടു എന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണ്. ചാന്‍സലറുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരാണെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സംശയ നിഴലിലായതിനാല്‍ അദ്ദേഹവും നിലപാട് വ്യക്തമാക്കേണ്ടി വരും,” സുധാകരന് കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാലകളില്‍ പ്രൊഫസര്‍മാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യതയും വ്യാപകമായ ചര്‍ച്ചാവിഷയമാണ്. ഉന്നതനിലവാരത്തിന് പേരുകേട്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് നാലാം കിട അധ്യാപകരുടെയും അഞ്ചാം കിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി. സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് തീറെഴുതിയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും സുധാകരന് ആരോപിച്ചു.
സര്‍വകലാശാലകളില്‍ അഴിമതിയും സ്വജനപക്ഷപാതവും ഇത്രയും നാള് കൊടികുത്തി വാണിട്ടും ഗവര്‍ണര്‍ നിശബ്ദത പാലിച്ചതാണ് അതിശയകരം. ഗവര്‍ണറും ഇതിലെ കൂട്ടുകക്ഷിയാണെന്നു ജനങ്ങള്‍ ചിന്തിക്കുന്നു. ഗവര്‍ണര്‍ക്ക് പോലും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുകയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്ന ധര്‍മ്മമാണ് പ്രതിപക്ഷം നിറവേറ്റുന്നതെന്നും സുധാകരന്.
ഡി-ലിറ്റ് വിവാദം വിശദീകരിക്കുന്നതിനിടയിലായിരുന്നു ഇന്ന് ഗവർണര്‍ കേരള സര്‍വകലാശാല വിസിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേരള സർവകലാശാല വിസിക്ക് രണ്ടു വരി പോലും തെറ്റില്ലാതെ എഴുതാനറിയില്ലെന്നും വിസി തനിക്കു നൽകിയ മറുപടി കത്ത് കണ്ട് ഞെട്ടിയെന്നും അതിൽ നിന്നും മുക്തനാവാൻ പത്തു മിനിറ്റ് വേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിസിക്ക് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല, മറുപടി കണ്ട് ഞെട്ടി; ചാൻസലറെ ധിക്കരിച്ചു: ഗവർണർ