/indian-express-malayalam/media/media_files/uploads/2023/06/govindan-sudhakaran-1.jpg)
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ടെന്നും ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതെന്നും സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോട് എന്നു പറഞ്ഞുകൊണ്ടാണ് സുധാകരന്റെ കുറിപ്പ് തുടങ്ങുന്നത്. ''ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക. തലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?,'' സുധാകരൻ ചോദിച്ചു.
നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന എം.വി.ഗോവിന്ദന്റെ ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. പോക്സോ കേസിലെ കൂട്ടു പ്രതിയാണ് സുധാകരൻ. പീഡന സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് പറഞ്ഞു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.