തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ ‘ചെത്തുതൊഴിലാളിയുടെ മകന്‍’ പരാമര്‍ശത്തിൽ വീണ്ടും രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരഭിപ്രായമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

“ഇന്നലെ പത്രമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഞാനൊരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ളയാളാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്കങ്ങനെ ഒരു അഭിപ്രായവുമില്ല. ഇന്നലെ ഞാന്‍ പറഞ്ഞതിനെ വേറെ രീതിയില്‍ ചിത്രീകരിച്ചതാണ്. സുധാകരനോട് ഞാന്‍ തന്നെ ഫോണില്‍ സംസാരിച്ച് അദ്ദേഹമെന്നോട് വളരെ വിശദമായി ഇക്കാര്യം പറഞ്ഞതാണ്. സുധാകരന്‍ അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല,” ചെന്നിത്തല പറഞ്ഞു.

Read More: എൻഡിഎ സഖ്യത്തിൽ വിള്ളൽ; എൽ‌ഡി‌എഫുമായി ബിജെപിക്ക് രഹസ്യ ഉടമ്പടിയെന്ന് വിമതർ

മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തല ആദ്യം പ്രതികരിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സുധാകരൻ നടത്തിയത്. ചെന്നിത്തല വാക്ക് മാറ്റിയെന്ന് സുധാകരന്‍ പറഞ്ഞു.

“ഞാന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ആദ്യം പറഞ്ഞത്. ഇന്ന് വാക്ക് മാറ്റിയത് എന്തിനെന്ന് ചെന്നിത്തല പറയണം. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. എന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ”യെന്നും സുധാകരന്‍ ചോദിച്ചു.

“വിവാദത്തിന് പിന്നില്‍ സിപിഎം അല്ല. പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ഷാനിമോള്‍ ഉസ്മാന്റെ ഉദ്ദേശത്തില്‍ സംശയമുണ്ട്. ഷാനിമോളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നും കെ.സുധാകരന്‍ ചോദിച്ചു. കെപിസിസി പ്രസിഡന്റ് പറയുന്നതല്ല എനിക്ക് വലുത്. വ്യക്തിത്വം സംരക്ഷിക്കലാണ് തനിക്ക് പ്രധാനം. പ്രസംഗ ശൈലിയും രാഷ്ട്രീയ ശൈലിയും ആര്‍ക്കു വേണ്ടിയും മാറ്റില്ല. പിണറായിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ജാതി പറഞ്ഞിട്ടില്ല. പ്രസ്താവനയില്‍ തെറ്റുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. എന്റെ വാക്കില്‍ ജാതി വെറിയില്ല. ഖേദമില്ല. തിരുത്തില്ല. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും?” പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് എംപി ആവര്‍ത്തിച്ചു.

സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ താരിഖ് അന്‍വര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്ക പരിധി ലംഘിക്കരുതെന്നും കെ.സുധാകരന്റെ പ്രസ്താവന അച്ചടക്ക സമിതി പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ പറയുകയുണ്ടായി.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വാക്കുകൾ.

കെ.സുധാകരന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

പിണറായി വിജയൻ ആരാ, എനിക്കും നിങ്ങൾക്കും അറിയാം പിണറായി ആരെന്ന്. പിണറായിയുടെ കുടുംബം എന്താ. എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബാ. ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയേറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുമ്പിൽ നിന്ന് നിങ്ങൾക്ക് നേതൃത്വം കൊടുത്ത പിണറായി വിജയൻ ഇന്ന് എവിടെ. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്നൊരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപോസ്തലൻ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അഭിമാനോ നിങ്ങൾക്ക് അപമാനമോ ആണോ. സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.