കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദപ്രകടനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് രംഗത്ത്.
‘പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം,’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം
എന്നാല്‍ താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവില്‍ അല്ല പറഞ്ഞതെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന് പറഞ്ഞു.
കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യു.ഡി.എഫ് കളക്ട്രേറ്റ് മാര്‍ച്ചിലാണ് കെ.സുധാകരന് വിവാദ പ്രസ്താവന നടത്തിയത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണം എന്നും സുധാകരന് പറഞ്ഞിരുന്നു.
‘കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അദ്ദേഹത്തിന് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണ്. കണ്ണൂരില്‍ കൈകാലുകള്‍ക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്റെ എല്‍ പി സ്കൂള്‍ യു പി സ്കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ കുട്ടിയുടെ സ്കൂള്‍ യു പി സ്കൂളാക്കി ഉയര്‍ത്തി. അതേ കുട്ടി ഹൈസ്കൂളിലേക്ക് പാസാകുന്നത് പിണറായി വിജയന് മുഖ്യമന്ത്രിയായ കാലത്താണ്. .യു പി സ്കൂള്‍ ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യവുമായെത്തിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി എന്നല്ലാതെ പിണറായി ഒരു സഹായവും ചെയ്തില്ലെന്നും കെ സുധാകരന് പറഞ്ഞു.