കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്ന് കെ.സുധാകരന്റെ ആരോപണം. പകൽ മുഴുവൻ യുവതിക്കൊപ്പം ചെലവഴിക്കാനുളള അവസരം ജയിൽ അധികൃതർ നൽകി. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കിയെന്നും സുധാകരൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽ ഡിജിപിക്ക് സുധാകരൻ പരാതി നൽകി.

മൂന്നു ദിവസങ്ങളിലായി പല തവണ ആകാശിനെ കാണാൻ യുവതിക്ക് അവസരം നൽകിയെന്ന് സുധാകരൻ പരാതിയിൽ പറയുന്നു. മാര്‍ച്ച് ഒന്‍പതിനാണ് പെണ്‍കുട്ടി ആദ്യം ജയിലിലെത്തിയത്. രാവിലെ 10 മണിക്ക് ജയിലില്‍ വന്ന യുവതി ഉച്ചയ്ക്ക് ഒരുമണിവരെ ആകാശിനൊപ്പം ഉണ്ടായിരുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മാര്‍ച്ച് 13 നും യുവതി രാവിലെ 10 മണിക്ക് ജയിലിലെത്തി. ഉച്ചയ്ക്ക് ഒരുമണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുവച്ച് ആകാശുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്ക് പുറത്തുപോയ യുവതി ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടുമെത്തി 4.30 വരെ സംസാരിച്ചു. മാര്‍ച്ച് 16 നും സമാനമായ രീതിയില്‍ സന്ദര്‍ശനം അനുവദിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ആകാശ് തില്ലങ്കേരിക്ക് ജയിലിൽ പ്രത്യേക പരിഗണനയാണ് നൽകുന്നത്. സെല്ലിൽ പൂട്ടാറില്ല. എല്ലാ സ്വാതന്ത്ര്യവും ജയിലിൽ ആകാശിനുണ്ടെന്നും സുധാകരന്റെ പരാതിയിൽ പറയുന്നു.

പരാതിയുടെ പകർപ്പ്

പരാതിയുടെ പകർപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.