/indian-express-malayalam/media/media_files/uploads/2023/03/k-sudhakaran.jpg)
കെ.സുധാകരൻ
തിരുവനന്തപുരം: കാട്ടാനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ പരിഹാസം.
''അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു. എത്ര യാഥാര്‍ഥ്യമാണത്. തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും യാഥാര്‍ഥ്യമല്ലേയത്? അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിച്ചുകൊണ്ടുപോകുന്നു'', സുധാകരന്‍ പരിഹസിച്ചു.
സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയാണ്. താനൂരിൽ നടന്നതും സർക്കാർ വീഴ്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും സുധാകരൻ ആരോപിച്ചു. എല്ലായ്പ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്‍റെ പ്രവാചകന്മാരായി നിൽക്കുമെന്ന് കരുതരുതെന്നും സുധാകരൻ പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. ഇത് സമാധാനത്തിന്റെ മുഖമാണ്. എന്നാൽ, പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കും. ക്രമസമാധാന തകര്‍ച്ചയില്ലാതെ ഏത് അറ്റംവരെ പോകുന്ന സമരമുറയ്ക്കും ഞങ്ങള്‍ രൂപം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജനങ്ങളെ ഇത്രമാത്രം ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേൽപിച്ച്, നികുതികൊള്ള നടത്തി. കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപയുടെ നികുതി ഭാരമാണ് കെട്ടിവെച്ചത്. പിന്നീട് വെള്ളക്കരം കൂട്ടി. വൈദ്യുതി ചാർജ് കൂട്ടി. വീണ്ടും വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നുവെന്നും സതീശൻ പറഞ്ഞു.
അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയും മാത്രമുള്ള പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us