കണ്ണൂര്‍: സിപിഎം വിമതനായ സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പൊലീസിന് അന്ത്യശാസനം നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എംപിയുമായ കെ.സുധാകരന്‍. കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ ഉടന്‍ കൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടി വൈകിയാല്‍ നിയമം കയ്യിലെടുക്കാന്‍ മടിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

നസീറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ.എന്‍.ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിനിടെയായിരുന്നു സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

Read More: നസീറിനെതിരായ അക്രമം ഒറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

നസീറിനെ ആക്രമിച്ച സംഭവത്തില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭയിലെടക്കം ഷംസീറിനെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കെ.മുരളീധരന്‍ എംപിയാണ് സതീശന്‍ പാച്ചേനിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാന്‍ പണിക്കാരെ അയച്ച യഥാര്‍ഥ മേസ്തിരിയെ കണ്ടെത്താന്‍ പൊലീസ് തയ്യാറാകണമെന്ന് മുരളീധരനും ആവശ്യപ്പെട്ടു. തനിക്കെതിരെ ആരോപണം ഉയര്‍ന്നിട്ടും നിയമസഭയില്‍ ഷംസീര്‍ ഒന്നും മിണ്ടാതിരുന്നതും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

‘പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ല. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി കഴിഞ്ഞു. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചിരുന്നു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമിച്ച ആരുടേയും പേര് നസീര്‍ പറഞ്ഞിരുന്നില്ല. സിപിഎമ്മിന് നസീറിനോട് യാതൊരു പകയും ഇല്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.