scorecardresearch

‘ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന ഭരണാധികാരിയോട് മാത്രമല്ല,’ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

“‘ഞാനും ഒരമ്മയല്ലേ? സർക്കാർ ഇങ്ങനെ ഉള്ളവൻമാരെ എന്തിനാ പുറത്തു വിടുന്നത്?’ കൊല്ലപ്പെട്ട ഷാനിൻ്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല…” സുധാകരൻ കുറിച്ചു

k sudhakaran, congress, ie malayalam

തിരുവനന്തപുരം: കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൊല്ലപ്പെട്ട ഷാനിൻ്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന ഭരണാധികാരിയോട് മാത്രമല്ലെന്നും ഈ ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണെന്നും കെ സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

“ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തിൽ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്! 19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയൻ്റെ ഭരണം “വളർത്തി “യിരിക്കുന്നു. ഷാൻ എന്ന ആ ചെറുപ്പക്കാരനെ ഗുണ്ടകൾ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതിപ്പെട്ടിട്ടും പോലീസിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല,” കെ സുധാകരൻ കുറിച്ചു.

“”ഞാനും ഒരമ്മയല്ലേ? സർക്കാർ ഇങ്ങനെ ഉള്ളവൻമാരെ എന്തിനാ പുറത്തു വിടുന്നത്? ” കൊല്ലപ്പെട്ട ഷാനിൻ്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്,” സുധാകരൻ അഭിപ്രായപ്പെട്ടു.

Also Read: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; പ്രതി പിടിയിൽ

കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളിൽ നിന്നുയരുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. കൊടി സുനിയെയും കിർമാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ പുറത്തിറക്കി വിട്ടിരിക്കുന്ന സർക്കാർ തന്നെയാണ് ഈ കൊലപാതകിയെയും ജയിലിൽ നിന്ന് വിട്ടയച്ചത്. സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നു, സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നുവെന്നും കെപിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ആഭ്യന്തര വകുപ്പിൻ്റെ അനാസ്ഥയും, സിപിഎമ്മിൻ്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാൻ ഗുണ്ടകൾക്ക്‌ ഇന്ധനമാകുന്നുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. അരാജകത്വം വിളയാടുന്ന കേരളത്തിൽ സ്വയം സുരക്ഷിതരായിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.കൊല്ലപ്പെട്ട ചെറുപ്പക്കാരൻ്റെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സുധാകരൻ കുറിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: K sudhakaran against kerala government on criminal activities in state