കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സുധാകരൻ. പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. കാസർഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ.

Read Also: മെട്രോമാൻ ഇ.ശ്രീധരൻ ബിജെപിയിൽ; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

“ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തുപറഞ്ഞു? അട്ടംപരതി ഗോപാലൻ. സിപിഎമ്മുകാർ കേൾക്കണം, ആരാ ഗോപാലൻ ? ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കുടുംബത്തെ ത്യജിച്ച്, നാടിനെ ത്യജിച്ച്, നാട്ടുകാരെ ത്യജിച്ച് സ്വാതന്ത്ര്യ സമരത്തിൽ..,ആ പോരാട്ടത്തിൽ ഒരു പോരാളിയായി നാടിന്റെ മോചനത്തിനായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുംകുടിച്ച് പിണറായി അങ്ങാടിയിൽ തേരാപാരാ നടക്കുകയായിരുന്നു. നിങ്ങൾക്ക് അച്ഛനെ ബഹുമാനിക്കാൻ അറിയില്ല,” സുധാകരൻ പറഞ്ഞു. ഇതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ‘ചെത്തുകാരാ പിണറായീ..,’എന്ന മുദ്രാവാക്യവും വീഡിയോയിൽ കേൾക്കാം.

സ്വാതന്ത്ര്യ സമരത്തിന്റെ വില അറിയാത്തതുകൊണ്ടാണ് ഗോപാലനെ അട്ടംപരതി ഗോപാലൻ എന്നു പിണറായി വിളിച്ചതെന്നും സുധാകരൻ പറഞ്ഞു. പിണറായിയോട് നാല് ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു. ഒൻപത് ഉപദേശകരെ വച്ച് ഭരിക്കാൻ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേയെന്നും സുധാകരന്‍ പരിഹാസരൂപേണ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.