പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ യുഡിഎഫ് കൺവീനറായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രിയായും പ്രവർത്തിച്ചിരുന്നു. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മഹാരാഷ്ട്ര,നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണറായിരുന്നത്.
കെ ശങ്കരനാരായണൻ കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.ശങ്കരനാരയണൻ്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് കെ സുധാകരൻ പറഞ്ഞു. വ്യക്തിപരമായി എനിക്ക് ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്.16 വർഷം യു.ഡി.എഫിനെ നയിച്ച നേതാവാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.