തിരുവനന്തപുരം:കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പിന്നോട്ട് പോക്കല്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. നിലവില്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകല്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട മറ്റു പദ്ധതികള്‍ക്കു വേണ്ടി സ്ഥലമേറ്റെടുക്കാനായി ഉദ്യോഗസ്ഥരെ മാറ്റിനിയോഗിച്ചതാണ്. റെയില്‍വേ ബോര്‍ഡില്‍നിന്ന് കെറെയിലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുംവരെ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കലിനു വിട്ടുനല്‍കിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി പിന്‍വലിച്ചതായി അറിയില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. അതിലൊരു അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് അനിവാര്യമായ ചില നടപടിക്രമങ്ങളിലേക്ക് പോകണം എന്നുള്ളതുകൊണ്ടും റെയില്‍വേ ബോര്‍ഡിന്റെ അനുവാദം കിട്ടിയതിന് ശേഷമേ ആ നടപടികളിലേക്ക് പോകൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലുമാണ് ഉത്തരവിറക്കിയത്. റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.