തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വേ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സര്‍വേ നിര്‍ത്തിയിട്ടില്ലെന്നും സാഹചര്യം നോക്കി നടപടി സ്വീകരിക്കുമെന്നും കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. പൊലീസ് സംരക്ഷണമില്ലാതെ സര്‍വേ തുടരാനാകില്ലെന്ന് എറണാകുളത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ എറണാകുളം പിറവത്ത് സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ക്കെതിരെ കയ്യേറ്റ ശ്രമം ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ പരിഭ്രാന്തിയുണ്ടാക്കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പിറവത്തിന് പുറമെ ചോറ്റാനിക്കരയിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വേ പൂര്‍ത്തീകരിക്കാനുള്ളൂ.
അതേസമയം, പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്നാണ് ലഭിക്കുന്ന വിവരം. സമയം നീട്ടി ചോദിക്കാൻ കേരള വോളന്ററി ഹെൽത്ത് സർവീസ് തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ആദ്യ വാരത്തോടെ പഠനത്തിന് അനുവദിച്ചിട്ടുള്ള സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചോദിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറു വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭൂതകാലം മറക്കുകയാണ്, മുതലാളിമാരെ പോലെയാണ് ഇരുവരുമെന്നും സതീശന്‍ ആരോപിച്ചു.
Also Read: ബിർഭും കൂട്ടക്കൊലയിൽ സിബിഐ അന്വേഷണം; മമതയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്