കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പഠനത്തിന്റെ ചുമതലയുള്ള രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സാണ് നടപടി നിര്‍ത്തിയത്. അധികൃതല്‍ ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചതായാണ് വിവരം.
പ്രസ്തുത ജില്ലകളിലെ ജനങ്ങളുടെ നിസഹകരണമാണ് പഠനം നിര്‍ത്താനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി കടന്നു പോകുന്ന മേഖലയിലുള്ളവരോട് വിവരങ്ങള്‍ തേടേണ്ടതുണ്ട്. എതിര്‍പ്പ് ശക്തമായി തുടരുന്നതിനാല്‍ അതിന് കഴിയുന്നില്ല. സാമൂഹികാഘാത പഠനം നടത്താനെത്തിയ സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.
അതേസമയം, പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആവര്‍ത്തിച്ചിരുന്നു. “ഒരു വിഭാഗത്തിന് മാത്രം എതിര്‍പ്പുള്ളതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കില്ല. രണ്ടിരട്ടി നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനും മുകളില്‍ നല്‍കാന്‍ തയാറുമാണ്. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ രീതിയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. “വികസനത്തെ സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണ്‍ ആവരുത്. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുകയാണ്. കുഞ്ഞുങ്ങളുമായി സമരത്തിന് വരുന്നവരെ മഹത്വവത്കരിക്കുന്നു,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്കെതിരായുള്ള പ്രതിഷേധം ഇന്നലെയും സജീവമായി തുടര്‍ന്നു. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മലപ്പുറം, കോഴിക്കോട്, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
Also Read: Russia-Ukraine War News: കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി യുക്രൈന്‍