കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനെതിരെ (കെ-റെയില്‍) സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു. കോഴിക്കോട് കല്ലായിയില്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കെ-റെയിലിനെതിരെ ഉയരുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്ന് കല്ലായിയില്‍ കണ്ടത്. വെടിവച്ച് കൊന്നാലും പിന്നോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കോട്ടയം മാടപ്പള്ളിയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറിനു തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറിന് അവസാനിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പ്രദേശം സന്ദര്‍ശിച്ചു.
മാടപ്പള്ളിയിലെ പൊലീസ് നടപടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയായിരുന്നു പ്രതിഷേധം. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് ചൂണ്ടിക്കാണിച്ചു.
കെ-റെയില്‍ വിരുദ്ധ സംയുക്ത സമിതിയുടേതാണ് ഹര്‍ത്താല്‍ പ്രഖ്യാപനം. ചങ്ങനാശേരിയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമരസമിതി അംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.
ഇന്നലെ ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് സർവേ കല്ലുകള്‍ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ടത്. സംഘർഷത്തിനും അറസ്റ്റിനും ശേഷം സ്ഥാപിച്ച സര്‍വേ കല്ലുകള്‍ ഇന്ന് പിഴുതു മാറ്റിയ നിലയിലാമ്.
ഇന്നലെ, പ്രതിഷേധിച്ച സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 23 പേരെയാണ് പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത് നീക്കിയത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചതിനാലാണ് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം.
ആദ്യം സര്‍വെ കല്ലുകളുമായി എത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയുണ്ടായി. പിന്നീട് സമരക്കാരുടെ ഭാഗത്തുനിന്ന് ആത്മഹത്യാ ഭീഷണിയടക്കം ഉയര്‍ന്നെങ്കിലും പൊലീസ് സുരക്ഷയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ ‘ആശ്വാസ’ വായ്പ; 7,600 കോടി രൂപയുടെ സാമ്പത്തിക സഹായം