Latest News

കെ-റെയിൽ: ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണം; മുഖ്യമന്ത്രിക്ക് വിദഗ്ധരുടെ കത്ത്

സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക അവസ്ഥയും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആശങ്കപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു

Silver Line, K Rail, Pinarayi Vijayan, പിണറായി വിജയൻ, സിൽവർ ലൈൻ, UDF, CPM, CPI, VD Satheesan, BJP, ie malayalam

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരിസ്ഥിതി, സാമ്പത്തിക രംഗങ്ങളിലടക്കമുള്ള വിദഗ്ധരുടെ തുറന്ന കത്ത്.

ഇപ്പോൾ നിര്ദേശിക്കപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തിൽ അപകടമാണ് എന്ന് കരുതുന്നുവെന്ന് കത്തിൽ പറയുന്നു.

“ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക അവസ്ഥ. രണ്ട് സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ.”

“2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്‌ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു,” കത്തിൽ പറയുന്നു.

Also Read: കെ-റെയിൽ ഡിപിആർ തട്ടിക്കൂട്ട്: വി.ഡി സതീശൻ

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ട് പോകുന്നതിൽ തികച്ചും നിരാശരാണെന്നും കത്തിൽ പറയുന്നു.

നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

“കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം,” എന്നിൽ കത്തിൽ നിർദേശിക്കുന്നു.

കാലിക്കറ്റ് മുൻ പ്രോ വിസിയും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ പ്രൊഫസർ എംകെ പ്രസാദ്, ന്യൂക്ലിയാർ എൻജിനീയർ ഡോക്ടർ എംപി പരമേശ്വരൻ, സാമ്പത്തിക വിദഗ്ധനും കേരള ഫിനാൻസ് കമ്മീഷൻ മുൻ ചെയർമാനുമായ എംഎ ഉമ്മൻ, ടെക്നോ പാർക്ക് മുൻ സിഇഒ ജി വിജയരാഘവൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ജി വിജയരാഘവൻ തുടങ്ങി പതിനഞ്ചിലധികം പേരാണ് കത്തെഴുതിയിരിക്കുന്നത്.

Also Read: കെ-റെയിൽ ഡിപിആർ പുറത്തുവിട്ടു; കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത് കൊല്ലത്ത്, 2025–26ല്‍ കമ്മിഷന്‍ ചെയ്യും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: K rail open letter to chief minister

The moderation of comments is automated and not cleared manually by malayalam.indianexpress.com