കൊല്ലം: കൊല്ലത്ത് കെ റെയിലിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലുള്ള റിട്ടയേഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് കെ റെയിലിനുള്ള സ്ഥലമെടുപ്പിന് കല്ലിടുന്നതിനിടെ പ്രതിഷേധിച്ചത്.
കല്ലിടലിനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കയ്യിൽ ലൈറ്ററുമായാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
സ്ഥലമേറ്റെടുപ്പിൽ വീട് പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇവർ പ്രതിഷേധവുമായി എത്തിയതെന്നാണ് വിവരം. സമീപത്തെ മറ്റൊരു വീട്ടിലും സ്ഥലമെടുപ്പിനിടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. വീടിന്റെ അടുക്കളയോട് ചേർന്ന് കല്ലിടൽ നടക്കുന്നതിനിടെയായിരുന്നു അമ്മയും മകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.