കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പദ്ധതി സംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. കെ-റെയിയിൽ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടന്നും കോടതി വ്യക്തമാക്കി.
സർവേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ നിർദേശം. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തിൽ വ്യക്തയില്ല. ഡിപിആർ പരിഗണനയിലാണ്, റെയിൽവേ ഭൂമിയിൽ സർവ്വേക്ക് അനുമതി നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി പറഞ്ഞു.
- മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടാണോ സര്‍വെ കല്ലുകള്‍ സ്ഥാപിക്കുന്നത്.
- സാമൂഹികാഘാത പഠനത്തിന് അനുമതിയുണ്ടോ.
- സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ.
- പുതുച്ചേരിയിലൂടെ റെയില്‍ കടന്നു പോകുന്നുണ്ടോ.
ഇക്കാര്യങ്ങളിൽ മറുപടി നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.
സർവേയുടെ പേരിൽ വലിയ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രധാന പ്രശ്നം. ഭൂമിയിൽ വലിയ കല്ലുകൾ കണ്ടാൽ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയാറാകുമോ എന്നും കോടതി ചോദിച്ചു. സര്‍വേയില്‍ ഉള്‍പ്പെടുന്ന ഭൂമിക്ക് ലോണ്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലും ആവര്‍ത്തിച്ചിരുന്നു. “പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുേ. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും വികസന പദ്ധതികൾക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കും,” മുഖ്യമന്ത്രി വ്യക്തമാക്കി.
“വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൻ്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നാല് മണിക്കൂറിൽ എത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Kerala Weather: ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്