തിരുവനന്തപുരം: കെ റെയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയേക്കുറിച്ചുള്ള സംവാദത്തില്‍ അനിശ്ചിതത്വം. സംവാദത്തില്‍ നിന്ന് മുൻ സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ പിന്മാറി. ചീഫ് സെക്രട്ടറിയെ അലോക് വര്‍മ നിലപാടറിയിച്ചതായാണ് വിവരം. എഞ്ജിനിയറായ ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ പങ്കെടുക്കില്ല.
സംസ്ഥാന സര്‍ക്കാരിന് പകരം കെ റെയില്‍ ക്ഷണിച്ചതിനേയും ക്ഷണക്കത്തില്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളേയും വിമര്‍ശിച്ച് അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കാത്ത പശ്ചാത്തലത്തിലാണ് അലോക് വര്‍മയുടെ പിന്മാറ്റം. അലോകിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് ശ്രീധറിന്റെ പിന്മാറ്റം.
നേരത്തെ ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിഷയ വിദഗ്ധനല്ല എന്നായിരുന്നു ഒഴിവാക്കലിനുള്ള ഔദ്യോഗിക വിശദീകരണം. ചർച്ചയിൽ പങ്കെടുക്കാൻ ഔദ്യോഗികമായി സമീപിച്ചിരുന്നെന്നും രാഷ്ട്രീയ കാരണങ്ങളാണ് ഒഴിവാക്കലിന് പിന്നിലെന്ന് ജോസഫ് സി മാത്യു പ്രതികരിച്ചിരുന്നു.
അതേസമയം കെ റെയിലിന്‍റെ പേരില്‍ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വിമര്‍ശിച്ചു. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഒരു സംവാദം സംഘടിപ്പിക്കുന്നത്. അടച്ചിട്ട ശീതികരിച്ച മുറികളിലല്ല സര്‍ക്കാര്‍ ഇത്തരം സംവാദം സംഘടിപ്പിക്കേണ്ടത്.
കെ.റെയിലിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കുന്നതും ദുരിതം പേറുന്നതുമായ വലിയ ഒരുസമൂഹമുണ്ട്. അവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആര്‍ജ്ജവവുമാണ് സര്‍ക്കാര്‍ ആദ്യം കാട്ടേണ്ടത്. കെ.റെയിലിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാനോ അവരുടെ പരിഭവം കേള്‍ക്കാനോ നാളിതുവരെ സര്‍ക്കാരും മുഖ്യമന്ത്രി തയ്യാറായില്ല.
ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താതെയാണ് കെ.റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. അതിനാലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്ന പാനലിലെ അംഗങ്ങളായ അലോക് വര്‍മയും ആര്‍ ശ്രീധറും സംവാദ പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. കെ.റെയില്‍ സംവാദ പരിപാടി സര്‍ക്കാരിന്‍റെ പിആര്‍ എക്സര്‍സെെസ് മാത്രമായി മാറി.
ആരാണ് സംവാദം നടത്തുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനില്‍ക്കുന്നുയെന്നതാണ് വസ്തുത. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യൂവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയത് എതിര്‍ശബ്ദങ്ങളുടെ എണ്ണം കുറച്ച് സര്‍ക്കാരിന് മംഗളപത്രം രചിക്കുന്നവരെ ഉള്‍പ്പെടുത്തി സംവാദം സംഘടിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഇതില്‍ നിന്ന് പ്രകടമാണെന്നും സുധാകരന്‍ പറഞ്ഞു.