ന്യൂഡല്‍ഹി: ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനെതിരെ (കെ-റെയില്‍) സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം കനക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങൾ വൈകുന്നേരം നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരുടേയും ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ലെന്നും നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമാകും സ്ഥലമേറ്റെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡിസംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കെ റെയില്‍ വിഷയം ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുകയും അനുമതി നല്‍കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ചോദ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. പരിസ്ഥിതി സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരവതരമാണെന്നും വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. എറണാകുളത്ത് ചോറ്റാനിക്കരയില്‍ സര്‍വ്വെയ്ക്കെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വ്വെ കല്ലുകള്‍ പിഴുതെറിഞ്ഞു. കല്ലുകള്‍ സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു.
Also Read: ബിര്‍ഭും അക്രമം: തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം